പുതിയ നിയമം മാര്‍ച്ച് ഒന്നുമുതല്‍
ഒമാനി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവറാകാം
വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കണം
മസ്‌കറ്റ്: ഒമാനിലെ ഗതാഗത നിയമങ്ങളില്‍ ഭേദഗതിവരുത്തി ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ റവാസ് ഉത്തരവ് പുറത്തിറക്കി. ഒമാനി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവര്‍ ആയി ജോലിനോക്കാനുള്ള അനുവാദവും വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കാനുള്ള നിര്‍ദേശവുമാണ് ഇതില്‍ പ്രധാനം. അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് പുതിയ ഗതാഗത നിയമത്തിന്റെ ലക്ഷ്യമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ഒമാനി വനിതകള്‍ക്ക് ടാക്‌സി വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിച്ചുകൊണ്ടാണ് പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍വരുന്നത്.
കൂടാതെ, രാജ്യത്തെ സ്ഥിരതാമസക്കാരായ വിദേശികള്‍ എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും ഡ്രൈവിങ് ലൈസന്‍സ് പുതുക്കേണ്ടിവരും. നിലവില്‍ പത്തുവര്‍ഷത്തെ ലൈസന്‍സ് കാലാവധിയുള്ളവര്‍ ലൈസന്‍സ് കാലാവധി പൂര്‍ത്തിയായശേഷം എല്ലാ രണ്ടുവര്‍ഷവും ലൈസന്‍സ് പുതുക്കിത്തുടങ്ങണം. പുതിയ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഒരുവര്‍ഷം കാലാവധിയുള്ള താത്കാലിക ലൈസന്‍സുകള്‍ ആയിരിക്കും ആദ്യം അനുവദിക്കുക. പിന്നീടുള്ള കാലയളവില്‍ ലഭിക്കുന്ന ബ്ലാക്ക് പോയന്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ലൈസന്‍സ് സ്ഥിരമാക്കി നല്‍കുക. എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി.
നാലുവയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കിയതായി ഉത്തരവില്‍ പറയുന്നു. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ഏറ്റവുംകുറഞ്ഞ പിഴയായിരുന്ന പത്ത് ഒമാനി റിയാല്‍ പതിനഞ്ച് ഒമാനി റിയല്‍ ആയി ഉയര്‍ത്തി. ഭിന്നശേഷിയുള്ളവര്‍ക്കായി അനുവദിച്ചയിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, തെറ്റായരീതിയില്‍ വാഹനങ്ങളെ മറികടക്കുക എന്നീ കുറ്റങ്ങളുടെ പിഴ 10 റിയാലില്‍നിന്ന് 50 ഒമാനി റിയാലായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ ഗതാഗതനിയമം മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍വരും