ഈ അവധിക്കാല യാത്ര കടലാമകളുടെ അടുത്തേക്കായാലോ??
റാസ് അൽ ജിൻസിലെ കടലാമകൾ..
കടലാമകൾ ഉറങ്ങാറില്ലെന്ന് തോന്നുന്നു. ഉറങ്ങാറില്ലെന്നു പറഞ്ഞത് കഴിഞ്ഞ നാലഞ്ച് വർഷത്തെ എന്റെ ചെറിയ അനുഭവം വെച്ചാണ്. ഇനിയിപ്പോ ശരിക്കും ഉറങ്ങാറുണ്ടോ എന്നതിനെപ്പറ്റി ആധികാരികമായി പറയാനുള്ള അറിവെനിക്കില്ല. ചിലപ്പോ നമ്മൾ കാണാത്തപ്പോൾ ഉറങ്ങുന്നുണ്ടാവാം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 'പച്ച കടലാമകൾ' അഥവാ 'ഗ്രീൻ ടർട്ടിലുകൾ' (Green Turtles) വർഷം മുഴുവനും കാണപ്പെടുന്ന ലോകത്തെ വളരെ കുറച്ചു തീരങ്ങളിലൊന്നാണ് ഒമാനിലെ സൂറിനടുത്തുള്ള റാസ് അൽ ജിൻസ് കടൽത്തീരം. വേറെ ഇനം ആമകളും ഇവിടെ കാണപ്പെടാറുണ്ടെങ്കിലും വളരെ വിരളമാണ്. മസ്കറ്റിൽ നിന്നും അമിറാത്ത്, കുറിയാത്ത്, ഫിൻസ്, സൂർ വഴി ഏകദേശം 260 കിലോമീറ്ററോളം തീരദേശ റോഡിൽ സഞ്ചരിച്ചാൽ റാസ് അൽ ജിൻസിലെത്താം. ഒമാൻ ടൂറിസം മന്ത്രാലയവും ഒമാൻ പൈതൃക വകുപ്പും സംയുക്തമായി സംരക്ഷിക്കുന്ന ഈ തീരം 'റാസ് അൽ ജിൻസ് ടർട്ടിൽ റിസർവ്വ്' എന്നറിയപ്പെടുന്നു. ഇത് ഒരു UNESCO World Heritage Site കൂടിയാണ്.
കുറച്ചു വർഷങ്ങൾക്ക് മുൻപ് ടർട്ടിൽ റിസർവ്വ് മാത്രമായിരുന്ന ഇവിടം ഇന്ന് ആധുനിക സൗകര്യങ്ങളുള്ള ഒരു ഹോട്ടൽ കൂടിയാണ്. പൊതുജനങ്ങൾക്ക് മുൻകൂട്ടി അനുവാദമെടുക്കാതെ ഇവിടം സന്ദർശ്ശിക്കാനാവില്ലെന്നു മാത്രമല്ല അനുവാദം കൊടുക്കുന്നതിൽ ശക്തമായ നിയന്ത്രണവുമുണ്ട്. ദിവസം നൂറു പേർക്കു വീതം മാത്രം പോകാവുന്ന രണ്ടേ രണ്ടു ഗൈഡഡ് ടൂറുകളാണുള്ളത്. അതിരാവിലെ നാലിനും രാത്രി ഒൻപതിനും. ഈ അസാധാരണ സമയങ്ങൾ കൊണ്ടാണ് വിനോദസഞ്ചാരികൾക്കു വേണ്ടി ടർട്ടിൽ റിസർവ്വ് ഒരു ഹോട്ടലായി പരിണമിക്കാനുള്ള പ്രധാന കാരണം. മസ്കറ്റിൽ നിന്നും മറ്റു ദൂരപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് രാത്രി തങ്ങാതെ വരാനും ടൂർ ചെയ്ത് തിരിച്ചുപോകാനും നിലവിലുള്ള സമയം കണക്കിലെടുത്താൽ ബുദ്ധിമുട്ടാണല്ലോ.
കുറച്ചു മുറികൾ മാത്രമേ ഉള്ളൂ എന്നതും പരിസരത്ത് വേറെ ഹോട്ടലുകൾ കുറവാണെന്നതിനാലും കടലാമകളെ കാണാൻ അവിടെ താമസിക്കുന്നവർക്കുള്ള അവസരം കഴിഞ്ഞേ പുറത്തുള്ളവർക്കുള്ളൂ എന്നതു കൊണ്ടും താമസം വളരെ ചിലവേറിയതാണെന്നതിൽ സംശയം വേണ്ട. ഒക്ടോബർ മുതൽ തുടങ്ങുന്ന വിന്റർ സീസണോടെ ചാർജ്ജ് കൂടും. രണ്ടു ടർട്ടിൽ വാച്ചിംഗ് ടൂറുകളും അവിടെ താമസിക്കുന്നവരുടെ സ്റ്റേ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. വേണമെങ്കിൽ രാത്രിയും രാവിലെയും പോകാം. പുറമേ നിന്ന് വരുന്നവർക്ക് പ്രത്യേക ടിക്കറ്റ് നിരക്കുകൾ ഉണ്ട്.
ഞാൻ പോയത് അതിരാവിലെയുള്ള ടൂറിനാണ്. കാരണം രണ്ടാണ്. ഒന്ന്, മറ്റു പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത് പാതിരാത്രിക്കാണ്. രണ്ട്, ഉർവ്വശീ ശാപം ഉപകാരമായി എന്നു പറഞ്ഞതു പോലെ ചിത്രങ്ങൾ എടുക്കാൻ രാവിലത്തെ ടൂറാണ് നല്ലത് എന്ന് ആരോ പറഞ്ഞത് ഓർത്തു. ടൂർ തുടങ്ങുന്നത് നാല് മണിക്കാണെങ്കിലും കുറച്ച് കഴിയുമ്പോഴേക്കും അത്യാവശ്യം വെളിച്ചമുണ്ടാകുമത്രേ. രാത്രിയിൽ ഫ്ളാഷ് ഉപയോഗിക്കാൻ അനുവദിക്കില്ല. അതുകൊണ്ട് ഗൈഡിന്റെ ടോർച്ച് ലൈറ്റ് വെളിച്ചത്തിൽ ഫ്ളാഷ് ഉപയോഗിക്കാതെയേ ചിത്രങ്ങളെടുക്കാൻ പറ്റൂ.
മൂന്നു മണിക്കൂർ കഷ്ടി ഉറങ്ങിക്കാണും. കറക്ട് 4 മണിക്ക് തന്നെ പകുതി ഉറക്കത്തിൽ ലോബിയിലെത്തി. നല്ല തിരക്കുണ്ടായിരുന്നു, പക്ഷേ നമ്മുടെ നാട്ടിലെപ്പോലെ ആളുകൾ കൂടുമ്പോഴുള്ള ബഹളമില്ല. എല്ലാവരും സംയമനത്തോടെ നിർദേശങ്ങൾക്കായി കാത്തു നിന്നിരുന്നു. ടൂർ തുടങ്ങുന്നത് അവരുടെ വണ്ടിയിൽ ബീച്ചിലേക്ക് കൊണ്ടു പോകുന്നത് മുതലാണ്. ആമകൾക്ക് ശല്ല്യമാവാതിരിക്കാൻ കുറച്ച് ദൂരെയാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ആദ്യം ഗൈഡ് (ഒമാനി പോയി ആമകളുണ്ടെന്ന് ഉറപ്പുവരുത്തും. എന്നിട്ട് നമ്മളെ ഓരോ ഗ്രൂപ്പുകളായിട്ടാണ് ബീച്ചിലേക്ക് കൊണ്ടുപോവുക. ഒച്ചയുണ്ടാക്കരുതെന്നും ബാക്കിയുള്ളവർ എത്താൻ കാത്തു നിൽക്കണമെന്നും ആംഗ്യം കാണിക്കും. എല്ലാവരും എത്തിക്കഴിഞ്ഞാൽ നേരത്തേ കണ്ടു വെച്ച ആമയുടെ അടുത്തേക്ക് കൊണ്ടുപോകും.
നേരം വെളുത്തു വരുന്നതേ ഉള്ളൂ. അതുകൊണ്ട് അരണ്ട വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ടോർച്ചിന്റെ വെളിച്ചത്തിൽ ആദ്യമായി ഞാൻ കടലാമയെ കണ്ടു. സാധാരണ കണ്ടിട്ടുള്ള ആമകളൊന്നും ആമകളായിരുന്നില്ല എന്നു തോന്നിയ നിമിഷങ്ങൾ. നല്ല കൂറ്റൻ ഒരു ഗ്രീൻ ടർട്ടിൽ ആശാത്തി. ആശാത്തി എന്നു പറയാൻ കാരണം ഈ തീരത്തു വരുന്ന ആമകളിൽ കൂടുതലും പെണ്ണാമകളാണ്. ആയിരക്കണക്കിന് കടലാമകൾ അറേബ്യൻ ഗൾഫിൽ നിന്നും, ചുവന്ന കടലിൽ നിന്നും സോമാലിയയിൽ നിന്നുമൊക്കെ കിലോമീറ്ററുകൾ നീന്തി ഒമാൻ തീരങ്ങളിലേക്ക് ചേക്കേറാറുണ്ടെന്ന് എത്ര പേർക്കറിയാം? റാസ് അൽ ജിൻസിൽ കൂടാതെ മസീറ ദ്വീപിലും ദയ്മാനിയാത് ദ്വീപിലും ഇവറ്റകൾ കാണപ്പെടാറുണ്ട്.
രാത്രിയിൽ അവർ ഇവിടെ വരുന്നത് മുട്ടയിടാനാണ്. ഭാരമേറിയ ആ പുറംതോടും വലിച്ച് വളരെ കഷ്ടപ്പെട്ടാണ് കരയിലേക്കുള്ള നടപ്പ്. എന്നിട്ട് മുൻകാലുകളുടെ അറ്റം കൊണ്ട് വളരെ നേരമെടുത്ത് മണലിൽ ഒരു കുഴി കുഴിക്കും. എന്നിട്ട് അതിൽ നൂറുകണക്കിന് മുട്ടകൾ ഇടും. മുട്ടയിട്ടു കഴിഞ്ഞാൽ കുഴി നന്നായി മൂടും. എന്നിട്ട് വീണ്ടും കടലിന്റെ ആഴങ്ങളിലേക്ക് അപ്രത്യക്ഷമാവും. മുട്ടകളിടുന്നതും മുട്ടവിരിഞ്ഞ് പുറത്തു വന്നിട്ടുണ്ടായിരുന്ന കുഞ്ഞനാമകൾ കടലിലേക്ക് ഇറങ്ങുന്നതും കാണാൻ പറ്റി. ഏകദേശം 55-60 ദിവസങ്ങളാണ് സാധാരണ മുട്ടകൾ വിരിയാനെടുക്കുന്ന സമയം. മനോഹരം. കുഞ്ഞിക്കാലുകൾ പുറത്തെടുത്ത് വെള്ളത്തിലേക്ക് ഓടുന്നത് കാണാൻ നല്ല ചേലാണ്. ഞണ്ടുകളുടെയും പക്ഷികളുടെയും കുറുക്കന്മാരുടെയും ഒക്കെ കണ്ണിൽ പെടാതെ വെള്ളത്തിലെത്തിയാൽ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ ഗോവിന്ദ (കുഞ്ഞന്മാരുടെ അടുത്ത് പോകാനും ഫോട്ടോസ് എടുക്കാനും ഗൈഡ് സമ്മതിച്ചില്ല.).
കറക്ട് മുട്ട വിരിയാരാനാവുമ്പോഴേക്കും അമ്മ ആമ എത്തുന്നതാണ് അത്ഭുതം. ചിലപ്പോ എന്നും വന്ന് നോക്കുന്നുണ്ടാവാം. അമ്മമാരുടെ സ്നേഹം ഒരിക്കലും അളക്കാൻ പറ്റില്ലല്ലോ. കുഞ്ഞന്മാർക്കു പുറകേ അമ്മയും കടലിലേക്ക് പോകും. അത് ശരിക്കും ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. ട്രാക്ടറിന്റെ ടയർ മാർക്കുകൾ പോലെയാണ് അവ ഇറങ്ങിപ്പോകുമ്പോൾ ഉണ്ടാവുന്ന അടയാളങ്ങൾ. വെളിച്ചമാവും തോറും എല്ലാ ആമകളും മുട്ടയിട്ട കുഴികൾ മൂടിയിട്ട് കടലിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഞാനും അവർക്ക് യാത്രാമംഗളങ്ങൾ നേർന്നു, രാത്രിയിൽ വീണ്ടും വരും എന്ന പ്രതീക്ഷയോടെ...
ടിപ്സ്:
1. ഉറപ്പായും ആമകളെ കാണാവുന്ന സമയം ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്. അല്ലാത്ത സമയങ്ങളിൽ കാണണം എങ്കിൽ അൽപ്പം ഭാഗ്യം കൂടി വേണം.
2. ഹോട്ടലിനുള്ളിൽ തന്നെ ഒരു ടർട്ടിൽ മ്യൂസിയം ഉണ്ട്. പുറമേ നിന്ന് വരുന്നവർക്ക് പ്രവേശന ഫീസ് ഉണ്ട് (ഹോട്ടലിൽ താമസിക്കുന്നവർക്ക് ഇതും included ആണ്. റാസ് അൽ ജിൻസിൽ ഇതുവരെ കണ്ടിട്ടുള്ള വിവിധ തരത്തിലുള്ള ആമകളെപ്പറ്റിയും അവയുടെ ജീവിതരീതിയെപ്പറ്റിയും ഒരുപാട് വിവരങ്ങൾ ലഭിക്കും.
3. പോകണമെന്ന് താൽപ്പര്യമുള്ളവർ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ PM അയക്കുക. താമസമോ അല്ലെങ്കിൽ ടൂർ മാത്രമോ മുൻകൂട്ടി ബുക്ക് ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ: +968 96550606 അല്ലെങ്കിൽ +968 96550707. വെബ്സൈറ്റ്: http://www.rasaljinz-turtlereserve.com/
#RasAlJinz #RasAlJinzTurtleReserve #Turtle #Turtles #GreenTurtle#GreenTurtles #UNESCO
Travelogue by: Abhishek Raj