പ്രത്യേകം ശ്രദ്ധിക്കുക
**************************************************************
മുൻപും പല തവണ അറിയിച്ചിട്ടുള്ളതാണ്. എങ്കിലും ഒന്നുകൂടി അറിയിക്കുന്നു.
ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഒമാനില്‍ ശമ്പളം കിട്ടാത്തതിന്റെ പേരിൽ പണിമുടക്ക് നടത്തുകയോ ജോലിക്കു പോകാതെ റൂമിൽ കുത്തിയിരിക്കുകയോ ചെയ്യരുത്. അത് നിയമ വിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടും.
ശമ്പളവും മറ്റാനുകൂല്യങ്ങളും കിട്ടുന്നില്ലെങ്കിൽ നേരെ മിനിസ്ട്രി ഓഫ് ലേബറിൽ പോയി പരാതി കൊടുക്കുകയാണ് ചെയ്യേണ്ടത്.( ഇപ്പോള്‍ ഓണ്‍ലൈന്‍ സൗകര്യം ഉണ്ട് - വെബ്സൈറ്റ് ലിങ്ക് : https://www.manpower.gov.om/portal/eServices.aspx?CategoryID=5) പരാതി കൊടുക്കാൻ പേടിക്കേണ്ട കാര്യമൊന്നുമില്ല.
അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി :
തൊഴിലുടമയുമായി എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായതിന്റെ പേരിൽ (എന്ത് കാരണം കൊണ്ടാണെങ്കിലും) ഇനി ജോലിക്കു വരണ്ട, റൂമിൽ ഇരുന്നാൽ മതി എന്ന് തൊഴിലുടമ പറഞ്ഞാൽ, അതും കേട്ട് ജോലിക്കു കയറാതിരിക്കുകയല്ല വേണ്ടത്. ജോലിക്കു വരേണ്ടതില്ല എന്ന കാര്യം വാക്കല്ലാതെ, എഴുതി തരാൻ പറയണം. എങ്കിലെ പറഞ്ഞതിന് തെളിവ് ഉണ്ടാവുകയുള്ളൂ. എഴുതിത്തരാൻ തൊഴിലുടമ തയ്യാറാവുന്നില്ലെങ്കിൽ ഉടനെ പോലീസിനെ വിളിക്കുക. കാര്യം പറയുക.
അല്ലെങ്കിൽ തൊഴിലുടമ ജോലിക്കു വരാത്ത തൊഴിലാളിയുടെ പേരിൽ "ഓടിപ്പോയി" എന്ന് കേസ് കൊടുക്കും. അത് തൊഴിലാളിക്ക് പ്രശ്നമാണ്.
അതുപോലെത്തന്നെ, കമ്പനി അനുവദിച്ചിട്ടുള്ള താമസ സ്ഥലത്താണ് തൊഴിലാളി താമസിക്കുന്നതെങ്കിൽ വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്കു പോകുന്നതുവരെ അവിടെ താമസിക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. അവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞാൽ ഇറങ്ങിപ്പോകരുത്. ഉടനെ പോലീസിനെ വിളിക്കുക, കാര്യം പറയുക. പേടിക്കേണ്ടതില്ല.
ഒത്തിരി പ്രശ്നങ്ങൾ ഇതിനകം കേട്ടിട്ടുള്ളതുകൊണ്ടാണ് വീണ്ടും വീണ്ടും ഇക്കാര്യങ്ങൾ പറയുന്നത്. എല്ലാവരും ശ്രദ്ധിക്കുമല്ലോ