മസ്കത്ത്: ഒമാനില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി പുതിയ ബിസിനസ് ആരംഭിക്കാന്‍ നിശ്ചിത മൂലധനം ആവശ്യമാണെന്ന നിയമം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ, നിക്ഷേപകര്‍ക്ക് മറ്റു നിരവധി സൗകര്യങ്ങളും അധികൃതര്‍ ഒരുക്കുന്നുണ്ട്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാന്‍ ക്ളിയറന്‍സ് ലഭിക്കാന്‍ ഏക ജാലക സംവിധാനം നടപ്പാക്കുന്നതടക്കമുള്ളവ ഇതിലുള്‍പ്പെടും.
പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ചുരുങ്ങിയ മൂലധനം ആവശ്യമാണെന്ന നിയമം ഏതാനും ആഴ്ചക്കുള്ളില്‍ പിന്‍വലിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായും വാണിജ്യ-വ്യവസായ മന്ത്രിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമം നടപ്പാവുമെന്നും മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
എന്നാല്‍, ബിസിനസ് പങ്കാളിയായി സ്വദേശി വേണമെന്ന നിയമം തുടരും. അതോടൊപ്പം ലോകബാങ്കുമായി സഹകരിച്ച് നേരിട്ടുള്ള വിദേശനിക്ഷേപ നിയമം തയാറാക്കിവരുകയാണെന്നും അധികൃതര്‍ പറയുന്നു. ചില മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതടക്കമുള്ളവ പുതിയ നിയമത്തിലുള്‍പ്പെടുത്തും. നിലവില്‍ പുതിയ ബിസിനസ് ആരംഭിക്കാനുള്ള ചുരുങ്ങിയ മൂലധനം 1,50,000 ഒമാനി റിയാലാണ്. നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്‍െറ ഭാഗമായി പുതിയ കമ്പനികളുടെ അംഗീകാരത്തിന് എല്ലാ കടലാസ് ജോലികളും ഒഴിവാക്കും. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, മുനിസിപ്പാലിറ്റി എന്നിവയുടെ അംഗീകാരം ഓണ്‍ലൈന്‍ വഴിയാക്കും. ഡിജിറ്റര്‍ ഒപ്പുകൂടി പ്രാവര്‍ത്തികമാവുന്നതോടെ ഉടമക്ക് ഓഫിസ് കയറിയിറങ്ങാതെ അംഗീകാരം നേടാനാവും.
എല്ലാ പേപ്പറുകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. ഇത് അറ്റസ്റ്റേഷന്‍ തുടങ്ങിയവ ഒഴിവാക്കാന്‍ സഹായിക്കും. സ്വകാര്യ കമ്പനികളെയും നിക്ഷേപകരെയും സഹായിക്കാന്‍ ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് കൗണ്‍സില്‍ രൂപവത്കരിക്കാനും ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് തീരുമാനിച്ചു.
മസ്കത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്‍റ് കൗണ്‍സിലിന്‍െറ ചെയര്‍മാന്‍ ഒ.സി.സി.ഐ ബോര്‍ഡ് ചെയര്‍മാനായിരിക്കും. സ്വകാര്യ കമ്പനികളുടെയും സംരംഭകരുടെയും താല്‍പര്യം വര്‍ധിപ്പിക്കാനും വിദേശനിക്ഷേപകരെ ആകര്‍ഷിക്കുവാനുമാണ് ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് കൗണ്‍സില്‍ രൂപവത്കരിക്കുന്നത്
Source: Gulf Madhyamam