റൂവിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഷെറാട്ടണ്‍ ഹോട്ടല്‍ ഒരു ദശാബ്ദത്തിനുശേഷം വീണ്ടും തുറക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലുള്ള ഹോട്ടല്‍ ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ടൈംസ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ഷെറാട്ടണ് 14 നിലകളാണുള്ളത്. നവീകരിച്ച ഹോട്ടലില്‍ 230 മുറികളാണ് ഉണ്ടാവുക. ഇതില്‍ 14 എണ്ണം ജൂനിയര്‍ സ്യൂട്ടുകളും ഒമ്പതെണ്ണം സ്റ്റുഡിയോ സ്യൂട്ടുകളും രണ്ടെണ്ണം എക്സിക്യൂട്ടിവ് സ്യൂട്ടുമായിരിക്കും. ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഒമ്പത് യോഗ മുറികളും രണ്ട് ബോര്‍ഡ് റൂമുകളും ഒമാനി ബാള്‍ റൂമും ഉണ്ടാകും.
മൊത്തം ആയിരത്തോളം അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. മുന്നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക് ചെയ്യാനും സൗകര്യമുണ്ടാകും.




